Sunday, September 5, 2021

Beware of മത്തി

 കഥ നടക്കുന്നത് കുവൈറ്റിൽ ആണ്, വ്യാഴാഴ്ച്ച ജോലി കഴിഞ്ഞു കത്തുന്ന വയറുമായി വീട്ടിൽ വന്ന് കയറിയ ഞാൻ, കുളിക്കാതെ അവിടെ നിന്ന് കറങ്ങിയാൽ കാല് തല്ലിയൊടിക്കും എന്ന് പെണ്ണുമ്പിള്ളയുടെ ഭീഷണി നിലനിൽക്കുന്നതിനാൽ പെട്ടന്ന് കുളിച്ചു ഇറങ്ങി അടുക്കളയിലേക്ക് ഓടി കണ്ണിൽ കണ്ടതൊക്കെ വലിച്ചു വാരി തിന്നുന്നതിനിടയിൽ അതാ ഒരു പാത്രത്തിൽ അടച്ചു വച്ചിരിക്കുന്നു വറുത്ത നല്ല നാടൻ കൊച്ചു മത്തി അതും നല്ല ചൂടോടെ. പിന്നെ ഒന്നും നോക്കിയില്ല ഉള്ളതിൽ മുഴുത്ത ഒരെണ്ണം നോക്കി എടുത്തങ്ങു മിണുങ്ങി. ആഹാ എന്താ രുചി, മനസ്സിൽ നോക്ലാജിയ.......... 

ഗ്ലു൦..... അയ്യോ...... ജാങ്കോ ഞാൻ പെട്ടു....

ചവച്ചിറക്കിയ മതി മുയ്മനും നല്ല സ്മൂത്തായി ഇറങ്ങി പോയി, ഒന്ന് ഒഴിച്ച് ഒരു അലവലാതി മുള്ള്....

നമ്മൾ ഇതൊക്കെ എത്ര കണ്ടതാ എന്ന പുച്ഛ ഭാവത്തിൽ എടുത്തു ആയുധം "പച്ച ചോർ" ഒന്നും നോക്കിയില്ല വാരി വാരി വിഴുങ്ങി. എന്നിട്ട് മുള്ള് പോയോ, പോയി .... മുള്ള് അല്ല ഇറക്കിയ ചോർ മുഴുവനും വയറ്റിൽ പോയി, മുള്ള് കുമാർ പൂർവാധികം അഹങ്കാരത്തോടെ അവിടെ തന്നെ ഇരുന്ന് അതിലും വലിയ പുച്ഛ ഭാവത്തോടെ.


"ചോർ തോറ്റിടത്ത് പഴം" എടുത്തു ഒരു പടല പഴം, ഒന്നും നോക്കിയില്ല അതും വിഴുങ്ങി ഒരു 5 എണ്ണം. ഈ പ്രാവശ്യം മുള്ള് പോയോ? നോ.. നോ... അവൻ അവിടെത്തന്നെ ഉണ്ട്, "എന്നോടോ ബാലാ" എന്ന മനോഭാവത്തിൽ.

പിന്നെ പല പണിയും നോക്കി, ചുമച്ചും , ഓക്കാനിച്ചും, ശർദിച്ചും ഒക്കെ, പണ്ട് കുടിച്ച മുലപ്പാൽ വരെ പോയെങ്കിലും നമ്മുടെ അലവലാതി മുള്ളിന്‌ മാത്രം ഒരനക്കവും ഇല്ല. 

നമ്മുടെ കൈയ്യിൽ നിൽക്കുന്ന കേസ് അല്ല എന്ന് ഏറെ കുറെ മനസ്സിലായപ്പോൾ വേറെ വഴി ഇല്ലാതെ ആശുപത്രിയിൽ പോകാൻ തന്നെ തീരുമാനിച്ചു.

ദൈവാദീനത്തിന് അവിടെ ചെന്നപ്പോൾ അതാ ഇരിക്കുന്നു ഒരു മലയാളി ENT. "മലയാളി വന്നെടാ ... ആർപ്പ് വിളിക്കെടാ"... ഈ പാട്ട് ബാക്ക്ഗ്രൗണ്ടിൽ ആരോ പ്ലേ ചെയ്യന്നപോലെ ഒരു ഫീൽ.

അദ്ദേഹം എൻ്റെ വായിക്കകത്ത് കയറി നോക്കിയിട്ടും ഒരു മുള്ളിന്റെ കുഞ്ഞി തൈ പോലും കണ്ടുപിടിക്കാൻ പറ്റിയില്ല. ഉടനെ എഴുതി "X-Ray".....പോയി മോനെ 10 KD ..... നേരത്തെ പ്ലേ ചെയ്യന്നപോലെ ഒരു ഫീൽ വന്ന ആ പാട്ടില്ലേ അതിൻ്റെ അടുത്ത വരി ആരോ പാടുന്ന ഫീൽ വീണ്ടും "സീൻ മാറി ... സീൻ മാറി..."

X-Ray യും ചതിച്ചാശാനേ... അതിലും ഒരു _ ഉം കാണുന്നില്ല, എന്നാലും എന്റെ പുന്നാര മോൻ മുള്ളേ നീ ഏതിന്റെ ഇടയിൽ കയറിയാടാ ഇരിക്കുന്നത്..ഹോ....

അവസാനം തോൽവി സമ്മതിച്ച അദ്ദേഹം അത് അടുത്ത ദിവസത്തെ OPD അപ്പോയ്ന്റ്മെന്റ് എന്ന പേരിൽ എഴുതി തന്നു, ഞായറാഴ്ച ഇനി അവിടെ നിന്ന് മൈനർ OT യിലേക്ക്. അങ്ങനെ ഒരു അലവലാതി മുള്ള് തന്ന പണി ഇവിടം കൊണ്ടൊന്നും തീരുന്നില്ല... 

കേവലം 24 ഇന്ത്യൻ രൂപയ്ക്ക് തുല്യമായ  വില വരുന്ന ഒരു മത്തി ഇപ്പോൾ തന്നെ എന്നെ കൊണ്ട് 2400 രൂപ മുടക്കിച്ചു എന്ന ചാരിതാർഥ്യത്തിൽ ഞാൻ മനസ്സിൽ പറഞ്ഞു...

"മുള്ളോം കി സിന്ദഗി ജോ കഭി നഹി കഥം ഹൊ ജാത്തി ഹെ"

അതായത് ഇനി കാശ് പോകാൻ കെടക്കുന്നേ ഒള്ളു മോനേ എന്ന്...

ഇതൊക്കെ എങ്ങനെ ഞാൻ എൻ്റെ അറബി മൊതലാളിയെ പറഞ്ഞു മനസ്സിലാക്കി അടുത്ത ദിവസം ലീവ് എടുക്കും എന്റെ തിർമൽ ദേവാ...

Wednesday, February 17, 2021

വിട പറയും മുൻപേ

 ഇനിയെത്ര നേരമെൻ ഓമലേ

നിൻ ചൂടു നിസ്വനം ഏൽക്കുമീ ഞാൻ


മരണവേദനയിലും എന്നെ  തഴുകിയോരു 

കൈകളെ ചുംബിച്ചു ചുടു അശ്രുബാഷ്പം നൽകിയാ

അരുമയാം കിളിയുടെ ദാഹമകറ്റാൻ


അവിടുത്തെ പാവന സ്നേഹമാണെൻ പ്രിയേ 

എൻ സിരകളിൽ അലയിടും ഊർജ്ജ ഹേതു

പടഹമടിച്ചാർത്തുയരുവാൻ കൊതിക്കുന്നു

നെഞ്ചിലെ നെരിപ്പോടിൻ നൊമ്പരങ്ങൾ


ഇനിയെത്ര നേരമെൻ ഓമലേ

നിൻ ചൂടു നിസ്വനം ഏൽക്കുമീ ഞാൻ

Monday, October 24, 2011

നഷ്ടബോധം....


ചാറ്റല്‍മഴയില്‍ കുതിര്‍ന്ന തണുത്ത പുലര്‍വേള, വിധൂരതയിലെ ചുവന്ന വെളിച്ചത്തില്‍  കണ്ണുകള്‍ പതിപ്പിച്ചു ഞാന്‍ തീവണ്ടിയും കാത്തിരിക്കുകയാണ്. തീവണ്ടി എത്താറായി എന്ന അറിയിപ്പ് മൈക്കിലൂടെ ഇടറിയ ശബ്ധത്തില്‍ ഞാന്‍ കേട്ടു. വെളിപ്പാന്കാലം ആയതിനാലാവാം സ്വതവേ തിരക്കുകുറഞ്ഞ തീവണ്ടിആപ്പീസില്‍ ഞാന്‍ ഏകനാണ്. ഭൂമിയില്‍ ജനിക്കുവാന്‍ എനിക്കും ഒരു അവസരം ഒരുക്കിത്തന്ന എന്റെ പ്രിയ പിതാവിന്റെ ബാക്കി അവശേഷിപ്പാണ് കയ്യില്‍ ഉള്ള മണ്‍കുടത്തില്‍. പൂക്കളും ചിത്രശലഭങ്ങളും നിറഞ്ഞ എന്റെ ജീവിതത്തില്‍ അവിചാരിതമായി കടന്നു വന്ന ഒരു പ്രകൃതി ക്ഷോഭം ആയിരുന്നു പിതാവിന്റെ അകാല മൃത്യു. ജീവിതവ്യഥകള്‍ എന്തെന്ന് ഞാന്‍ ഇന്ന് വരെ അറിഞ്ഞിട്ടില്ല. ഇനിയും എന്നെ കാത്തിരിക്കുന്നത് എന്തെന്നും എനിക്കറിയില്ല. പക്ഷെ പരാജയം സമ്മതിച്ചു തിരിഞ്ഞ്ഓടുവാന്‍ ഞാന്‍ തയ്യാറല്ല. ഇനിയും ഏറെ ദൂരം സഞ്ചരിക്കേണ്ടി ഇരിക്കുന്നു.

നീണ്ട ഒരു ഹോണ്‍ കേട്ടാണ് ഞാന്‍ ചിന്തകളില്‍ നിന്നും ഉണര്‍ന്നത്. അതാ എനിക്ക് പോകുവാനുള്ള തീവണ്ടി എത്തിക്കഴിഞ്ഞു. ഞാന്‍ വിശ്വസിക്കുന്ന മത പ്രകാരം ചിതാഭസ്മനിമഞ്ജനത്തിനു പുറപ്പെട്ടതാണ്. തീവണ്ടിയിലെ തിരക്കുകളില്‍ ഞാനും ഒരു കഥാപാത്രമായ് എന്റെ യാത്ര തുടര്‍ന്നു. പല പല മുഖങ്ങള്‍, എല്ലാപേരും ഓരോരോ ആവശ്യങ്ങള്‍ക്കായി പോകുന്നവരായിരിക്കും, ചിലതിനു വിഷാദ ഭാവം, മറ്റു ചിലതിനു രൌദ്രഭാവം, ലാസ്യ ഭാവത്തില്‍ ഉള്ളതും ഉണ്ട് ചിലത്. ഭൂരിഭാഗം യാത്രികരും ഉറക്കച്ചടവില്‍ ആണ്. ഞാനും അവരോടൊപ്പം കൂടി. കൈയ്യിലുള്ള സഞ്ചി ഒരു കൊച്ചു കുഞ്ഞിനെ സൂക്ഷിക്കുന്നതുപോലെ മാറോട് ചേര്‍ത്ത് പിടിച്ച് ജനാലയിലൂടെ ഓടി മറയുന്ന കാഴ്ചകള്‍ നോക്കി യാത്ര തുടര്‍ന്നു.

കണ്ണുള്ളപ്പോള്‍ കണ്ണിന്റെ കാഴ്ച അറിയില്ല എന്ന പഴമൊഴി അന്വര്‍ത്ഥമാക്കുന്നതയിരുന്നു എന്റെ സാഹചര്യം. വേണ്ട രീതിയില്‍ എന്റെ അച്ഛന്റെ വില ഞാന്‍ മനസ്സിലാക്കിയില്ല എന്ന സത്യം തിരിച്ചറിയാന്‍ എനിക്ക് അദ്ധേഹത്തിന്റെ മരണം വരെ കാത്തിരിക്കേണ്ടി വന്നു . ഹൃദയാഘാതം എന്ന രോഗത്തിന് ജീവിതത്തില്‍ ഇത്രമേല്‍ ശൂന്യത സൃഷ്ടിക്കാന്‍ കഴിയും എന്ന് എനിക്കിപ്പോഴാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. നിശബ്ദതയാണ് ചിന്തകളുടെ ഉത്തമ സുഹൃത്ത്‌ എന്ന വാക്യത്തിനെ അര്‍ത്ഥവത്താക്കുന്നതുപോലെ ഞാനും ചിന്തകള്‍ക്ക് കീഴ്പെട്ടു തുടങ്ങി. മോനെ എന്നാ നിസ്വാര്‍ത്ഥ സ്നേഹത്തോടെയുള്ള അച്ഛന്റെ ആ വിളി എന്റെ കാതുകളില്‍ മുഴങ്ങികെട്ടു. അദ്ദേഹത്തിന്റെ ജിവിതാനുഭവങ്ങലില്‍ നിന്നും ഉള്‍ക്കൊണ്ടു എനിക്ക് പറഞ്ഞുതന്ന പല കാര്യങ്ങളും ഒരു വൃദ്ധന്റെ ജല്‍പ്പനങ്ങള്‍ എന്ന ലാഖവത്തില്‍ ഞാന്‍ തള്ളി കളഞ്ഞു. ഞാന്‍ ഇല്ലാതെ വരുമ്പോഴേ നീ എന്റെ വില അറിയൂ എന്ന് അച്ഛന്‍ അന്ന് പറഞ്ഞവാക്കിനു ഇത്രയും അര്‍ഥം ഉണ്ടായിരിക്കുമെന്ന് ഞാന്‍ ഒരിക്കല്‍ പോലും കരുതിയില്ല. ചിന്തകളുടെ വേലിയേറ്റത്തില്‍ എനിക്കിറങ്ങേണ്ട സ്റ്റേഷന്‍ ആയത് വളരെ പെട്ടന്നായിരുന്നു.

സ്റ്റേഷനില്‍ ഇറങ്ങിയഞ്ഞാന്‍ ബലിതര്‍പ്പണം നടക്കുന്ന കടല്ക്കര ലക്ഷ്യമാക്കി നീങ്ങി. ലക്ഷ്യത്തില്‍ എത്തിയ എന്നെ കാത്തു അവിടെ ധാരാളം കാര്മികള്‍ നിലയുറപ്പിച്ചിരുന്നു. നൂറുകണക്കിനാളുകള്‍ അവരുടെ ഉറ്റവരുടെ ആത്മശാന്തിക്കായി അവിടെ ബലിതര്‍പ്പണം നടത്തുന്നുണ്ടായിരുന്നു. കുറെ നേരം എല്ലാം നോക്കികണ്ട ശേഷം ഞാന് കടല്‍ തീരത്തേക്ക് നടന്നു. തിരകള്‍ വന്നു എന്റെ കാലുകളില്‍ ഉമ്മ വച്ചു. ഒരു വലിയ തിരയ്ക്കുവേണ്ടിയുള്ള എന്റെ കാത്തിരിപ്പ്‌ മനസ്സിലാക്കിയത് പോലെ കടലമ്മ എനിക്ക് ഒരു വലിയ തിര സമ്മാനിച്ചു. ആ തിരയില്‍ ഞാന്‍ ഒന്ന് മുങ്ങിനിവര്‍ന്നു ഈറനായി ഒരു കര്‍മ്മിയുടെ അടുത്ത് ചെന്ന് നിലയുറപ്പിച്ചു. അദ്ദേഹം ഉരുവിട്ട മന്ത്രങ്ങള്‍ എറ്റു ചൊല്ലി പിണ്ഡം ഉരുട്ടി ഞാന്‍ എന്റെ അച്ഛന്റെ ആത്മാവിനു ബലിദാനം ചെയ്തു. എന്റെ കൈകള്‍ അപ്പോള്‍ വിറയ്ക്കുന്നുണ്ടായിരുന്നു, കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു. എന്റെ അച്ഛന്റെ ആത്മാവ് എവിടെയോ ഇരുന്നു ഇതില്‍നിന്നും ഭക്ഷിക്കുന്നുണ്ടാവാം. കലങ്ങിയ കണ്ണുകളും വിറയ്ക്കുന്ന ശരീരവുമായ്‌ ഞാന്‍ ചിതാഭസ്മവും ബലി പിണ്ഡവും പേറി കടല്‍ ലക്ഷ്യമാക്കി നടന്നു, വീണ്ടും ഒരു വലിയ തിരയും പ്രതീക്ഷിച്ച്...............

പ്രിയതോഴി


ഒളിക്കുകില്ലോരിക്കലും എന്‍ മന്ദഹാസത്തെ
ഒളിക്കുമെന്നുംമെന്നും ഞാന്‍ എന്‍ ജീവിത വ്യഥകളെ
ഒളിമങ്ങുമെന്നുമെന്‍ ഓര്‍മ്മതന്‍ വീഥിയില്‍
ഒളിപകരാനെന്തേ വൈകിയെന്‍ പ്രിയതോഴി..........

വിശക്കുമെന്‍ വയറിനെ വെറുതെ കളിയാക്കി
വിശപ്പിന്റെ വിളികള്‍ക്ക് കൊഞ്ഞനവും കാട്ടി
വിധിയെ തടുക്കാനായ്‌ വീഥിയില്‍ അലയവേ
വിധിയോ എനിക്കേകി നിന്നെയെന്‍ പ്രിയതോഴി........
 

പറഞ്ഞതില്ല പരിഭവങ്ങളൊന്നുമേ എന്നോട് 
പറയുകില്ല ഞാനുമെന്‍ മൌനം നിന്നോടും
പറയാതെ പറയുകയല്ലേ നമ്മള്‍തന്‍ നയനങ്ങള്‍
പറവതിനെലുതാമോ എന്‍ പ്രിയതോഴി ...........

മണ്ഡകൂപം.

ബന്ധങ്ങള്‍ക്കും ബന്ധനങ്ങള്‍ക്കും നേരെയുള്ള മങ്ങിയ നേര്‍കാഴ്ച,
എന്റെ രാത്രികളിലെ നിഴലുകള്‍ക്ക് ജീവസ്സുളവാക്കി.......
കതിരും പതിരും തിരിക്കുവാനറിയാത്ത പ്രായത്തില്‍,
എന്നെ നയിച്ചത് ഭയമോ അതോ ആശ്ചര്യമോ......
ബ്രിഹത്‌ ചിന്തകള്‍ക്കും ചിന്തുകള്‍ക്കും ഇടമില്ലാത്ത എന്‍ പ്രജ്ഞയില്‍,
അന്നുഞ്ഞാന്‍ കേവലം മണ്ഡകൂപം.......

മനസ്സിലെ മുറിപ്പാട്


രണ്ടായിരത്തി മുപ്പത്തിയാറാമാണ്ട് ജനുവരി മാസത്തിലെ ഒരു പ്രഭാതം. ബംഗളുരുവിലെ സ്വവസതിയില്‍ പത്രം വായിച്ചുകൊണ്ട് ചാരുകസേരയില്‍ മലര്‍ന്നുകിടക്കുന്ന എന്റെ എതിരെ ഇരുന്നു നാളെ നടക്കാനിരിക്കുന്ന സെമിനാറിനെ പറ്റി തലപുകയ്ക്കുന്ന എന്റെ ഭാര്യയെ അനുകരിക്കുന്നതെന്നപോല്‍ എനിക്കരികിലിരുന്നു തലപുകയ്ക്കുകയാണ് എന്റെ ഒരു കപ്പു കാപ്പിയും. പത്രത്തില്‍ അന്നും പതിവുപോലെ അപകടങ്ങളുടെ ഒരു നീണ്ട നിര തന്നെ തെളിഞ്ഞു നില്‍ക്കുന്നു. വാര്‍ത്തകളില്‍ നിന്നും വാര്‍ത്തകളിലേക്ക് ഞാന്‍ സഞ്ചരിക്കവേ ഒരു അപകട മരണ വാര്‍ത്ത എന്റെ ശ്രദ്ധയില്‍ പെട്ടു. കാണുവാന്‍ യോഗ്യരായ രണ്ടു നല്ല ചെറുപ്പക്കാര്‍. ഒരാള്‍ക്ക്‌ വയസ്സ് ഇരുപതു മറ്റേ ആള്‍ക്ക് ഇരുപത്തിരണ്ടും. സുമുഖര്‍, തലേ ദിവസം രാത്രിയില്‍ ഉണ്ടായ മോട്ടോര്‍ സൈക്കിള്‍ അപകടത്തില്‍ ജീവിതം പോലിഞ്ഞവര്‍. അവര്‍ക്ക് വേണ്ടി വിലപിക്കുന്ന അവരുടെ മാതാപിതാക്കള്‍, ബന്ധു മിത്രാദികള്‍, ഉറ്റസുഹൃത്തുക്കള്‍, അവരുടെ പ്രേമ ഭാജനങ്ങള്‍ അങ്ങനെ ആരെയെല്ലാം ഒരു തീരാദുഖ കടലില്‍ ആഴ്ത്തിയിരിക്കുന്നു ഈ അകാല മൃത്യു. എന്നെ ഈ വാര്‍ത്ത വല്ലാതെ ഉലചിരിക്കുന്നു. പഴയ പലതും ഓര്‍മ്മയില്‍ തെളിഞ്ഞു വരുന്നു. ഒരിക്കലും ഉണങ്ങാത്ത ആ മുറിപ്പാട്, അതിപ്പോഴും ചോരപോടിച്ചുകൊണ്ട്‌ ഉള്ളിന്റെ ഉള്ളില്‍ ഒരു നീറ്റലായ് അവശേഷിക്കുന്നു.

വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന ഒരു സംഭാവമാണത്. ഒരു കാളരാത്രി !!! ജീവന് തുല്യം സ്നേഹിക്കുന്ന സ്വന്തം അരുമ മകളെ നാട്ടിലെ കുടുംബ ക്ഷേത്രത്തില്‍ എഴുതിനിരുത്തിയിട്ടുള്ള മടക്കയാത്ര. ക്ഷേത്രത്തിലെ ചടങ്ങുകള്‍ അവസാനിച്ചപ്പോള്‍ സന്ധ്യ കഴിഞ്ഞിരിക്കുന്നു. ബന്ധുജനങ്ങളും തലയ്ക്കുമൂത്ത  കാരണവന്മാരും ആകുന്നതു നിര്‍ബന്ധിച്ചു “രാത്രിയില്‍ ഇനി യാത്ര വേണ്ട, അതിരാവിലെ പുറപ്പെട്ടാല്‍ പോരെ ഉണ്ണി”. പറ്റില്ലല്ലോ, ഇവര്‍ക്കറിയില്ലല്ലോ ജോലിസ്ഥലത്ത് നടക്കുന്ന പുകിലുകള്‍. നാളെ രാവിലെ പതിനൊന്നു മണിക്ക് വളരെ പ്രധാനപ്പെട്ട ഒരു മീറ്റിംഗ് ഉണ്ട്. വാമാഭാഗതിനും നാളെ തന്നെ ജോലിയില്‍ പ്രവേശിക്കണം. എതിര്പ്പുകള്‍ വകവയ്ക്കാതെ, അമ്മയുടെ കണ്ണീര്‍ കണ്ടില്ലന്നു നടിച്ചു യാത്ര പുറപ്പെട്ടു, കോണ്‍ക്രീറ്റ് കാടുകള്‍ ലക്ഷ്യമാക്കിയുള്ള മടക്ക യാത്ര....

സമയം നന്നേ ഇരുട്ടിയിരിക്കുന്നു. വഴിയില്‍ കണ്ട ഒരു സാമാന്യം ഭേദപ്പെട്ട ഹോട്ടലില്‍ നിന്നും അത്താഴവും കഴിച്ചു വീണ്ടും യാത്ര തുടര്‍ന്നു. എന്റെ പോന്നു മകള്‍ ഒരു നൂറായിരം സംശയങ്ങള്‍ ചോദിച്ചുകൊണ്ടേയിരുന്നു. അവളുടെ സംശയങ്ങള്‍ക്ക് മറുപടി പറയാന്‍ പണിപ്പെടുന്ന എന്റെ പ്രിയതമയുടെ വൈഷമ്യം കണ്ടപ്പോള്‍ ഉള്ളില്‍ ചിരിപൊട്ടി. സമയം അതിവേഗം കുതിച്ചുപായുകയാണ് കൂടെ ഞങ്ങളുടെ വാഹനവും. സംശയങ്ങള്‍ ഇനിയും ബാക്കിവച്ച് അമ്മയുടെ മാറിന്റെ ചൂട്പിടിച്ച്‌ അവള്‍ നിദ്രയിലാണ്ടു കഴിഞ്ഞു. അവളുടെ സ്വപ്നാടനങ്ങളില്‍ സ്ഥിരം അതിഥികളായ് എത്തുന്ന പൊക്കിമോനെയും, ചോട്ടാഭീമിനെയും, സ്കൂബിഡൂവിനെയും ഒക്കെ കണ്ടവള്‍ ഗാഡനിദ്രയിലും പുഞ്ചിരി തൂകി. നാട്ടുംപുറത്തു  കണ്ട പലമുഖങ്ങളെയും പറ്റി എന്റെ പ്രിയതമ പലവിധ ചോദ്യശരങ്ങളും എന്നിലേക്ക് തൊടുത്തു വിട്ടു. ചിലതിനെല്ലാം ഞാന്‍ ഉത്തരം കൊടുത്തു, മറ്റു ചിലത് കേട്ടില്ല എന്ന് നടിച്ചു. എവിടെ നിന്നോ ഓടിയെത്തിയ ചാറ്റല്‍ മഴ വാഹനത്തിന്റെ ചില്ലുകളില്‍ മഴതുള്ളികള്‍ സമ്മാനിച്ചു. കാലിന്റെ പ്രഹരമെല്‍ക്കാന്‍ വിധിച്ച ആക്സിലറെറ്ററിന് മഴ അല്‍പ്പം ആശ്വാസമേകി.
 ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും അവസാനം എന്റെ പ്രിയതമയും ഉറക്കത്തിന്റെ കുപ്പായമണിഞ്ഞു. ദൂരെ ഒരു കവല കാണാം അവിടെ എന്തോ ആള്‍ക്കൂട്ടം പോലെ തോന്നുന്നു. ശരിയാണ്, അത് ഒരു ആള്‍ക്കൂട്ടം തന്നെ. ഏതോ ക്ഷേത്രത്തില്‍ ഉത്സവമാണ്. ഒരു ഘോഷയാത്രയാണ് അത്. ഞാന്‍ എന്റെ വാഹനത്തിന്റെ വേഗത കുറച്ചു. വളരെ പണിപ്പെട്ടു ആ ഘോഷയാത്രാ സംഘത്തിനെ മറികടന്നു ഞങ്ങളുടെ വാഹനം വീണ്ടും വിജനമായ വീഥിയിലൂടെ മുന്‍പോട്ടു കുതിച്ചു. അപ്പോഴും ഇതൊന്നും അറിയാതെ എന്റെ പത്നിയും ഞങ്ങളുടെ പോന്നോമനയും ഉറക്കത്തിന്റെ അഗാധതയിലേക്ക്‌ ഊളിയിടുകയായിരുന്നു. വളരെ പതിഞ്ഞ ശബ്ദത്തില്‍ പാടുന്ന ജോണ്‍സണ്‍ മാഷിന്റെ സംഗീതത്തിനു കാതോര്‍ത്തു ഞാന്‍ പ്രയാണം തുടര്‍ന്ന്. മനസ്സില്‍ പലവിധ ചിന്തകളുടെ കടന്നാക്രമണം. പൊടുന്നനെ ആണ് അത് സംഭവിച്ചത്, ഒരു കനത്ത ആഘാതം അതില്‍ നിന്നും ഉണ്ടായ ഒരു വലിയ ശബ്ദം എനിക്ക് ആദ്യം ഒന്നും മനസ്സിലായില്ല. പൊടുന്നനെ എന്റെ കാല് ബ്രേക്ക്‌ഇല്‍ അമര്‍ന്നു. വാഹനത്തിനു സംഭവിച്ച ഉലച്ചില്‍ സുനിദ്രയില്‍ നിന്നും എന്റെ കുടുംബത്തെയും ഉണര്തിയിരിക്കുന്നു. അതാ റോഡിന്‍റെ ഒരു വശത്തായി ഒരു മോട്ടോര്‍ സൈക്കിള് കിടക്കുന്നു മറുവശത്തായി രക്തത്തില്‍ കുളിച്ചു രണ്ടു ചെറുപ്പക്കാരും. അപ്പോഴാണ്‌ അതൊരു ആക്സിഡന്റ്റ്‌ ആയിരുന്നു എന്ന സത്യം ഞാന്‍ തിരിച്ചറിഞ്ഞത്. ഇടിയുടെ ആഘാത്തില്‍ തെറിച്ചു പോയതാണ് മോട്ടോര്‍ സൈക്കിള്‍. യാത്രയുടെയും ചിന്തയുടെയും സമന്വയത്തില്‍ എപ്പോഴോ അറിയാതെ എന്റെ കണ്ണുകളില്‍ കൂട് കൂട്ടിയ ആ നിദ്രാ പക്ഷിയുടെ ക്രൂര വിനോദം. എന്ത് ചെയ്യണം എന്ന് ഒരു രൂപവുമില്ല. എന്റെ പ്രിയതമ ആകെ സ്തംഭിച്ചിരിക്കുകയാണ്. എന്തോ അപകടമാണ് നടന്നത് എന്ന് എന്റെ മകള്‍ക്ക് മനസ്സിലായി പക്ഷെ അവളും നിശബ്ധയാണ്. രണ്ടും കല്‍പ്പിച്ചു ഞാന്‍ കാറിന്‍റെ ഡോര്‍ തുറന്നു പുറത്തിറങ്ങി. എങ്ങനെയും ഈ ചെറുപ്പക്കാരെ ആശുപത്രിയില്‍ എത്തിക്കണം എന്ന് മാത്രമായിരുന്നു മനസ്സില്‍. രണ്ടു പേരുടെയും ബോധം നഷ്ടപ്പെട്ടിരിക്കുന്നു പക്ഷേ ശ്വാസം ഉണ്ട്. പൊടുന്നനെ ഒരു ആരവം കേട്ട് ഞാന്‍ തിരിഞ്ഞുനോക്കി. അവിടെ കണ്ട കാഴ്ച അക്ഷരാര്‍ത്ഥത്തില്‍ എന്നെ ഞെട്ടിക്കുന്ന ഒന്ന് ആയിരുന്നു. ഒരു വലിയ പുരുഷാരം, ആക്രോശത്തോടെ അവര്‍ എന്നെ ലക്ഷ്യമാക്കി ഓടി അടുക്കുന്നു. “നമുക്ക് പോകാം, രക്ഷപ്പെടാം” എന്ന് വണ്ടിയിലിരുന്നു എന്നെ നോക്കി വിലപിക്കുന്ന എന്റെ പ്രിയതമയുടെ ദയനീയമായ മുഖവും എന്റെ കുഞ്ഞിന്റെ നിഷ്കളങ്കമായ കണ്ണുകളും കണ്ട എനിക്ക് മറ്റൊന്നും ചിന്തിക്കാനായില്ല. ഞാന്‍ കാറില്‍ ചാടി കയറി വാഹനം മുന്‍പോട്ടു പായിച്ചു. തികച്ചും സ്വാര്‍ഥപരമായ പെരുമാറ്റം. എനിക്കറിയാം, പക്ഷേ എന്നെ വിശ്വസിച്ചു എന്നോടൊപ്പം ജീവിക്കാന്‍ ഇറങ്ങിത്തിരിച്ച എന്റെ ഭാര്യയേയും ദൈവം ഞങ്ങള്‍ക്ക് സമ്മാനിച്ച ഒന്നുമറിയാത്ത പാവം കുഞ്ഞിനേയും കൊലയ്ക്ക് കൊടുക്കാന്‍ മനസ്സുവന്നില്ല. തന്കാര്യത്തില്‍ സ്വാര്‍ഥരല്ലാത്ത മനുഷ്യരുണ്ടോ. ഞാന്‍ ഒരു മഹാത്മാ ഗാന്ധിയോ, സ്വാമി വിവേകാനന്ദനോ, ശ്രീ നാരായണ ഗുരുവോ ഒന്നും അല്ലല്ലോ. ഞങ്ങളുടെ വാഹനം വളരെ വേഗത്തില്‍ കുതിച്ചുകൊണ്ടേ ഇരുന്നു. ആരും പരസ്പരം ഒന്നും സംസാരിക്കുന്നതെ ഇല്ല, ശോകമൂകത..........

ഇനിയും വെറും മുപ്പതു കിലോമീറ്റര്‍ കൂടി മാത്രം. വാഹനം കുതിച്ചു പായുമ്പോഴും എന്റെ കണ്ണുകള്‍ വാഹനത്തിന്റെ പുറകുവശം കാണുവാനുള്ള കണ്ണാടിയില്‍ പതിച്ചു.  ആരും പിന്തുടരുന്നില്ല എന്ന് ഉറപ്പു വരുത്തിയിട്ടും ആരൊക്കെയോ പിന്തുടരുന്നതായി ഒരു തോന്നല്‍. അങ്ങിനെ നഗര പ്രാന്തത്തില്‍ ഉള്ള ഒരു വലിയ പാലത്തിനു സമീപം ഞങ്ങളുടെ വാഹനം എത്തി. ഇനി ഈ പാലം കടന്നാല്‍ സുമാര്‍ ഒരു ഇരുപതു കിലോമീറ്റര്‍ വീടെത്തുകയായ്‌. പാലം കയറി ഏകദേശം മദ്ധ്യഭാഗത്ത്‌ എത്തിയപ്പോള്‍ വാഹനം പൊടുന്നനെ നിന്നു. ഞാന്‍ ആകുന്നതു പണിപ്പെട്ടു നോക്കി, ഇനിയിത് മുന്‍പോട്ടു പോകുന്ന ലക്ഷണം ഇല്ല. ഇടിയുടെ ആഘാതത്തില്‍ ഞങ്ങളുടെ വാഹനത്തിന്റെ കാര്‍ബറെറ്ററിനു കാര്യമായ ക്ഷതം സംഭവിച്ചിരിക്കുന്നു. എന്ത് ചെയ്യണമെന്നു ഒരു ഊഹവുമില്ല. എന്തായാലും വാഹനത്തിനടുത്തു നില്‍ക്കുന്നത് പന്തിയല്ല. ആരെങ്കിലും തിരക്കി പിറകെ വന്നാലോ എന്ന് ഭയന്ന് ഞങ്ങള്‍ കാറിനു സമീപത് നിന്നും അല്‍പ്പം അകലെ കണ്ട വലിയൊരു തണല്‍ മരത്തിന്റെ മറവിലേക്ക് മാറി നിന്നു.

സമയം വെളുപ്പിനെ നാല് മണിയായി. ഞങ്ങളുടെ ഊഹം തെറ്റിയില്ല. ഒരു കാറില്‍ അഞ്ചാറു ചെറുപ്പക്കാര്‍ വന്നിറങ്ങിയിരിക്കുന്നു. അവര്‍ ഞങ്ങളുടെ കാര്‍ പൂര്‍ണ്ണമായും പരിശോദിച്ചു. ബാഗുകള്‍ എല്ലാം ഞങ്ങളുടെ കൈവശം ആയിരുന്നതിനാലും വാഹനത്തിന്റെ രേഖകള്‍ എന്റെ പോക്കറ്റില്‍ ആയിരുന്നതിനാലും അവര്‍ക്ക് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. അപകടം സംഭവിച്ച ചെറുപ്പക്കാരുടെ ആളുകള്‍ ആന്നോ അത് അതോ ഏതെന്കിലും മോഷണ സംഘത്തില്‍ പെട്ട ആളുകലായിരിക്കുമോ എന്ന് ഒരു നിശ്ചയവുമില്ല. ഏകദേശം ഒരു അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അവര്‍ തിരിച്ചു പോയി. അവര്‍ പോയി എന്ന് ഉറപ്പു വരുത്തിയിട്ടു ഞാന്‍ എന്റെ ചില സുഹൃത്തുക്കളെ വിളിച്ചു വിവരം പറഞ്ഞു. അല്പ്പസമയത്തിനകം അവര്‍ എല്ലാവരും തന്നെ അവിടെ എത്തിച്ചേര്‍ന്നു. അതില്‍ ഒരു സുഹൃത്തിന്റെ വാഹനത്തില്‍ എന്റെ ഭാര്യയും മകളും വീട്ടിലേക്കു തിരിച്ചു. ഞാനും എന്റെ മറ്റു സുഹൃത്തുക്കളും ചേര്‍ന്ന് എന്റെ വാഹനം എന്റെ സുഹൃത്തിന്റെ പരിചയത്തിലുള്ള ഒരു വര്‍ക്ക്‌ഷോപ്പ് ഇല്‍ ഏല്‍പ്പിച്ചു. നഗര പ്രാന്തത്തില്‍ ഉള്ള ഒരു വീടിന്റെ ഒരു ഭാഗമായിരുന്നു വര്‍ക്ക്‌ഷോപ്പ് ആയി പ്രവര്‍ത്തിച്ചിരുന്നത്. അങ്ങനെ പെട്ടന്നാരുടെയും കണ്ണില്‍ പെടാത്ത സ്ഥലം. അതുതന്നെയാണ് അവിടം തിരഞ്ഞെടുക്കാനുള്ള കാരണവും. 

എല്ലാ കൊലാഹലങ്ങള്‍ക്കും അവസാനം ഞങ്ങള്‍ വീടെത്തി. എനിക്കും എന്റെ സുഹൃത്തുക്കള്‍ക്കും കാപ്പിയുമായെത്തിയ എന്റെ ഭാര്യയുടെ മുഖത്ത് ആകാംഷാ ഭാവം. മകള്‍ എവിടെ എന്ന ചോദ്യത്തിന് അവള്‍ ഉറങ്ങി എന്ന ഭാര്യയുടെ മറുപടി “അവളെങ്കിലും സമാധാനമായ്‌ ഉറങ്ങട്ടെ” എന്ന് എന്നെ ആശ്വസിപ്പിച്ചു. “ഇനി എന്ത്” എന്നതായിരുന്നു ഞങ്ങളുടെ ചര്‍ച്ചാവിഷയം. പോലീസില്‍ അറിയിക്കാം എന്ന എന്റെ അഭിപ്രായത്തോട് സുഹൃത്തുക്കള്‍ യോജിച്ചില്ല. ചിലപ്പോള്‍ അപകടത്തില്‍ പെട്ടവര്‍ക്ക് അത്ര വലിയ അത്യാഹിതം സംഭവിച്ചില്ല എങ്കിലോ.... എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ എപ്പോഴേ പോലീസ് നമ്മെ തേടി എത്തിയേനെ. സുഹൃത്തുക്കളുടെ വാക്കുകള്‍ ശരിയാണെന്ന് എനിക്ക് തോന്നിയെങ്കിലും എന്നെ സമാധാനിപ്പിക്കാന്‍ വേണ്ടി പറയുന്നതാന്നോ എന്ന് ഞാന്‍ സംശയിച്ചു. സമയചക്രം അതിന്റെ അതിവേഗത്തിലുള്ള പ്രയാണം തുടര്‍ന്നു. സുഹൃത്തുക്കളില്‍ പലരും യാത്ര പറഞ്ഞു പിരിഞ്ഞു തുടങ്ങിയിരിക്കുന്നു. സമയം എട്ടുമണിയായി, രാവിലെ പത്തുമണിക്ക് ഓഫീസില്‍ എത്തണം. അങ്ങനെ എന്റെ ആത്മാര്‍ത്ഥ സുഹൃത്തും സ്വഗൃഹതിലേക്ക് യാത്രയാകുകയാണ്. പൊടുന്നനെ കോളിംഗ് ബെല്‍ ശബ്ദിച്ചു. വാതില്‍ തുറന്ന ഞങ്ങള്‍ക്ക് മുന്‍പില്‍ അതാ നില്‍ക്കുന്നു ഒരു പോലീസ് ഓഫീസര്‍. അദ്ധേഹത്തിന്റെ തീഷ്ണമായ നോട്ടം എന്നെ വരിഞ്ഞു മുറുക്കി ശ്വാസം മുട്ടിച്ചു. അല്പ്പസമയത്തെ നിശബ്ദതയ്ക്ക് ശേഷം അദ്ദേഹം ഞങ്ങളോട് ചോദിച്ചു “ആരാണ് മനു”. എന്റെ മനസ്സില്‍ ഒരു കൊള്ളിയാന്‍ മിന്നിയപോലെ എനിക്ക് തോന്നി. വിറയാര്‍ന്ന ശബ്ദത്തില്‍ ഞാന്‍ പറഞ്ഞു “ഞാനാണ് മനു”. ഒന്ന് ഇരുത്തി മൂളിയ ശേഷം അദ്ധേഹത്തിന്റെ അടുത്ത ചോദ്യം “താങ്കളുടെ കാറാണോ ഇന്ന് വെളുപ്പിനെ വര്‍ക്ക്‌ഷോപ്പ് ഇല്‍ കൊടുത്തത്”. എല്ലാം നഷ്ടപ്പെട്ടവനെ പോലെ നിറഞ്ഞ മിഴിയും വിറയ്ക്കുന്ന ശരീരവുമായി ഞാന്‍ പറഞ്ഞു “അതെ”. എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നില്‍ക്കുകയാണ് എന്റെ പ്രിയതംയും സുഹൃത്തും. ഓഫീസറുടെ തീപാറുന്ന കണ്ണുകള്‍ ഞങ്ങളെ മൂന്നുപേരെയും മാറി മാറി പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. സ്വന്തം കീശയില്‍ നിന്നും നാലായ്‌ മടക്കിയ ഒരു കടലാസ്സ് എടുത്ത അദ്ദേഹം അത് എന്റെ നേരെ നീട്ടി എന്നിട്ട് പറഞ്ഞു “ഇതാ, ഈ സാധനങ്ങള്‍ മേടിച്ചു വര്‍ക്ക്‌ഷോപ്പ് ഇല്‍ ഏല്‍പ്പിക്കാന്‍ പറഞ്ഞു, എന്റെ അനുജനാണ് വര്‍ക്ക്‌ഷോപ്പ് നടത്തുന്നത്. എനിക്ക് ഡ്യൂട്ടി സിറ്റിയില്‍ ആയത് കാരണം ഒരു യാത്ര ഒഴിവാക്കുവാന്‍ വേണ്ടി ഈ ലിസ്റ്റ്‌ എന്നെ ഏല്‍പ്പിക്കുകയായിരുന്നു, താങ്കളുടെ സുഹൃത്തിന്റെ മൊബൈലില്‍ വിളിച്ചാണ് വീട് മനസ്സിലാക്കിയത്, എന്നാല്‍ ഞാന്‍ പോകട്ടെ”. വ്യക്തമായി ഒന്നും മനസ്സിലാകാത്ത ഞാന്‍ ആ കടലാസ്സു മേടിച്ചു. ഞാന്‍ കാര്യങ്ങള്‍ മനസ്സിലാക്കി വന്നപ്പോഴേക്കും എന്റെ ഭാര്യ അദ്ധേഹത്തിനോട് ചോദിച്ചു “ചായ എടുക്കട്ടെ .....” സ്നേഹപൂര്‍വ്വം അത് നിരസിച്ചു ആ മനുഷ്യന്‍ ഞങ്ങളോട് യാത്ര പറഞ്ഞു.

കാലങ്ങള്‍ ഒരുപാട് കടന്നുപോയിരിക്കുന്നു. ഇന്നും അറിയില്ല അന്ന് അപകടം പിണഞ്ഞ ആ ചെറുപ്പക്കാരുടെ അവസ്ഥ. ദൈവമേ...., യാതൊരു ആപത്തും ഇല്ലാതെ ഇരുന്നാല്‍ മതിയാരുന്നു. ചിന്തയില്‍ ഊളിയിട്ടുഴറുന്ന എന്നെ “ഇന്ന് ഓഫീസ്സില്‍ പോകേണ്ടേ” എന്നാ ചോദ്യശരത്താല്‍ ഭാര്യ ഉണര്‍ത്തി. “എന്താണീ ചിന്തിച്ചു കൂട്ടുന്നത്‌” എന്ന അവളുടെ ചോദ്യത്തിന് “ഹേയ്, ഒന്നുമില്ല” എന്ന മറുപടി പറഞ്ഞു കൊണ്ട് ഞാന്‍ എന്റെ ചാരുകസേരയില്‍ ഒന്നിളകി കിടന്നു. “രാവിലെ ഒന്പതരയുടെ ഫ്ലൈറ്റില്‍ മകള്‍ തിരിച്ചെത്തും, അച്ഛന്‍ തന്നെ വിളിക്കാന്‍ ചെന്നാല്‍ മതിയെന്ന് അവള്‍ പ്രത്യേകം പറഞ്ഞിരുന്നു” ഭാര്യയുടെ ആ ഓര്‍മ്മപ്പെടുത്തല്‍ ആലസ്യത്തില്‍ നിന്നും എന്നെ ഉയര്പ്പിച്ചു. മകള്‍ അമേരിക്കയില്‍ പോയിരിക്കുകയായിരുന്നു, ഞങ്ങളുടെ പുതിയ സ്ഥാപനത്തിലേക്ക് ജോലിക്ക് ആളെ തിരഞ്ഞെടുക്കുന്നതിനായിരുന്നു യാത്ര. കുറഞ്ഞ വേതനത്തിന് ജോലി ചെയ്യാന്‍ തയ്യാറായ ചെറുപ്പക്കാരെ അവിടെയല്ലാതെ ലോകത്തില്‍ മറ്റെവിടെ കിട്ടാനാണ്. പുറം പണിക്ക് നില്‍ക്കുന്ന അറബ് വംശജനോട് കാറ് കഴുകിയിട്ടോ എന്ന് ചോദിച്ച്ഉറപ്പുവരുത്തിയതിനു ശേഷം ആ കണ്ണുകളില്‍ നിറയുന്ന നിസ്സഹായത കണ്ടു അവന്റെ പിതാമഹന്മാര്‍ എന്റെ പിതാമഹന്മാരോട് ചെയ്ത കൊടും ക്രൂരതകള്‍ തല്‍ക്കാലം മറന്നു സ്നേഹത്തോടെ ആ മനുഷ്യ ജീവിയോടു ഞാന്‍ പറഞ്ഞു “അടുക്കളഭാഗത്ത്‌ പോയി എന്തെങ്കിലും മേടിച്ചു കഴിച്ചിട്ട് ബാക്കി പണി ചെയ്‌താല്‍ മതി”. നന്ദി സൂചകമായി ആ മനുഷ്യന്‍ എന്നുടെ നേര്‍ക്ക്‌ പൊഴിച്ച ആ ചെറുപുഞ്ചിരി കണ്ടില്ലെന്നുനടിച്ചു ഞാന്‍ എന്റെ പതിവ് തിരക്കിലേക്ക് ഊളിയിട്ടു.

ശുഭം

പ്രണയം

ഒരിക്കല്‍ ഒരു സന്ധ്യാ നേരത് കടല്കരയില്‍ കാട്ടുകൊള്ളന്‍ പോയപ്പോഴാണ് ഞാന്‍ അവളെ ആദ്യമായി കാണുന്നത്
ആരെയും ആകര്‍ഷിക്കുന്ന കണ്ണുകള്‍ ആയിരുന്നു അവളുടേത്
പരല്‍ മീനുകളെ പോലെ അവ സദാ പിടച്ചുകൊണ്ടേ ഇരുന്നു
അവളുടെ മുഖത്ത് നിഴലിക്കുന്ന വിഷാദ ഭാവം ഞാന്‍ ശ്രദ്ധിചു.......
പിന്നീട് ദിവസവും എന്റെ കണ്ണുകള്‍ക്ക്‌ ആനന്ദം പകര്‍ന്നുകൊണ്ട് അവള്‍ നിലകൊണ്ടു
ഞാന്‍ അവളെ ശ്രദ്ധിക്കുന്നത് പോലെ തന്നെ അവളും എന്നെ ശ്രദ്ധിച്ചിരിക്കും
ഒരു ദിവസം അവള്‍ എനിക്ക് സമ്മാനിച്ച ആ മധുരമായ മന്ദഹാസം അതിനു ഉത്തരമല്ലേ ......
ജീവിതത്തില്‍ പ്രത്യേകിച്ച് ലക്ഷ്യങ്ങള്‍ ഒന്നും ഇല്ലാതിരുന്ന എനിക്ക് പുതിയ ഒരു ലക്‌ഷ്യം കൈവന്നു ..... അവളെ എന്നും വൈകുന്നേരം കാണണം ......
ദിവസങ്ങള്‍ നീണ്ടുപോയി മാസങ്ങളും
ഞങ്ങളുടെ പരിചയം സുഹൃദ്ബന്ധം ഭേദിച്ച് ഒരു പ്രണയമായി മൊട്ടിട്ടു .......
കടല്‍ക്കരയിലെ പാര്‍ക്കിന്റെ ഒരു വശത്ത് എല്ലാ തിരക്കുകളില്‍ നിന്നും ഒളിഞ്ഞു നില്‍ക്കുന്ന ആ വലിയ വൃക്ഷ ചുവട്ടിലെ ബെഞ്ചില്‍ ഇരുന്നു ഞങ്ങള്‍ ഹൃദയം കൈമാറി....
ക്രെമേണ ആ സ്ഥലം ഞങ്ങളുടെ കൂടികാഴ്ച്ചക്ക് ഒരു സ്ഥിരം സാക്ഷിയായി മാറി...
ഞങ്ങള്‍ക്ക് സംസാരിക്കാന്‍ വിഷയങ്ങള്‍ക്ക് ഒരു പഞ്ഞവും ഇല്ലായിരുന്നു .....
എന്റെ നെഞ്ചില്‍ ചാരി ഇരിക്കാന്‍ അവള്‍ക്കു വല്യ ഇഷ്ടമായിരുന്നു
അവളെ മാറോടണയ്ക്കാന്‍ എനിക്കും.....
അവള്‍ എന്നില്‍ ഒരു ലഹരി പോലെ പടര്‍ന്നു....
അവളില്ലാത്ത ഒരു നിമിഷതെപറ്റി പോലും ചിന്തിയ്ക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് എന്റെ മനസ്സ്‌ കൂപ്പുകുത്തികൊണ്ടേയിരുന്നു.
ഇന്നാണ് ആ ദിവസം.... ഞങ്ങളുടെ ജീവിതത്തിലെ സുപ്രധാന തീരുമാനം എടുക്കുന്ന ദിവസം... വിവാഹം അത് ഇത്രേം പെട്ടന്ന് വേണം എന്ന് പറഞ്ഞത് ഞാന്‍ തന്നെ ആയിരുന്നു....
എന്റെ ചിന്തകള്‍ എന്നെ മറ്റൊരു ലോകത്തേക്ക് കൂട്ടികൊണ്ടുപോയി ....
സമയം തീവണ്ടി കണക്കെ പാഞ്ഞുകൊണ്ടേ ഇരുന്നു .....
അവളെ കാണുന്നില്ല ..... ആദ്യമായി ആണ് ഇങ്ങനെ .... അവള്‍ എവിടെ പോയിരിക്കും ....
ഏറെ നേരത്തെ കതിരുപ്പിനു ശേഷം വിഷണ്ണനായി ഞാന്‍ എന്റെ കൂട്ടില്‍ ചേക്കേറി....
പിറ്റേ ദിവസവും എന്റെ കാത്തിരുപ്പ് തുടര്‍ന്ന് , അന്നും അവള്‍ വന്നില്ല ......
ഞാന്‍ ധൈര്യം സംഭരിച്ചു അവളുടെ വീട് ലക്ഷ്യമാക്കി നീങ്ങി ...
അവളുടെ വീട്ടില്‍ എന്നെ എതിരേറ്റത് അവളുടെ മുത്തശ്ശി ആയിരുന്നു ....
ആ കണ്ണുകളില്‍ ദയനീയാവസ്ഥ നിഴലിക്കുന്നത് ഞാന്‍ തിരിച്ചറിഞ്ഞു.....
അവള്‍ എവിടെ എന്നാ ചോദ്യത്തിന് ഉത്തരമായി ആ വൃദ്ധ അകത്തെ മുറിയിലേക്ക് കൈചൂണ്ടി കാണിച്ചു...
അവളുടെ കിടപ്പുമുറി ആയിരുന്നു അത് ... എന്റെ മനസ്സില്‍ രോഷം ഇരച്ചു കയറി ...
എന്നെ വിഡ്ഢി ആക്കിയിട്ട് നീ മുറിയില്‍ കയറി കതകടച് ഇരിക്കുന്നോ ???
അകത്തു ചെന്ന ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി ......
മരണത്തോട് മല്ലടിച്ചുകൊണ്ട് അവള്‍ കിടക്കുന്നു ....
കഴിഞ്ഞ ദിവസം എന്നെ കാണുവാന്‍ വേണ്ടി പുറപ്പെട്ട അവളെ വിഷം തീണ്ടിയിരിക്കുന്നു ...... അവളുടെ ശരീരം ആകെ നീല നിറം ആയി മാറിയിരിക്കുന്നു.
അവളുടെ കണ്ണുകളില്‍ നിന്നും അടര്‍ന്നുവീണ കണ്ണുനീര്‍ അവള്‍ക്കു എന്നോട് പറയുവാനുള്ള ഒരു വാക്കിനെ കുറിക്കുന്നു. ഇനിയും അവളുടെ ജീവിതത്തില്‍ മണിക്കുറുകള്‍ മാത്രം..... എന്റെ കാലുകള്‍ യാന്ത്രികമായി ചലിച്ചു കൊണ്ടേ ഇരുന്നു ...
അത് എന്നെ എന്റെ വസതിയില്‍ കൊണ്ടെത്തിച്ചു........ എന്റെ മുറിയില്‍ കടന്ന ഞാന്‍ കതകിന്റെ സാക്ഷ ഇട്ടതിനു ശേഷം പണ്ട് ഒരിക്കല്‍ ജീവിതതിനോട് വിരക്തി തോന്നിയ സമയത്ത് കഴിക്കാനായി ശേകരിച്ചു വച്ചിരുന്ന ഉറക്കഗുളികള്‍ എടുത്തു കഴിച്ച ശേഷം ഒരു കഷ്ണം കടലാസ്സില്‍ ഇങ്ങനെ എഴുതി "പ്രിയേ, ഈ ഭൂമിയില്‍ വച്ച് നമുക്ക് ഒരുമിക്കാന്‍ സാധിചില്ലന്കിലും ഞാന്‍ പോകുന്നു മുന്‍പേ സ്വര്‍ഗകാവടത്തില്‍ നിനക്കുവേണ്ടി കാത്തിരിക്കാന്‍..........."