രണ്ടായിരത്തി മുപ്പത്തിയാറാമാണ്ട് ജനുവരി മാസത്തിലെ ഒരു പ്രഭാതം. ബംഗളുരുവിലെ സ്വവസതിയില്‍ പത്രം വായിച്ചുകൊണ്ട് ചാരുകസേരയില്‍ മലര്‍ന്നുകിടക്കുന്ന എന്റെ എതിരെ ഇരുന്നു നാളെ നടക്കാനിരിക്കുന്ന സെമിനാറിനെ പറ്റി തലപുകയ്ക്കുന്ന എന്റെ ഭാര്യയെ അനുകരിക്കുന്നതെന്നപോല്‍ എനിക്കരികിലിരുന്നു തലപുകയ്ക്കുകയാണ് എന്റെ ഒരു കപ്പു കാപ്പിയും. പത്രത്തില്‍ അന്നും പതിവുപോലെ അപകടങ്ങളുടെ ഒരു നീണ്ട നിര തന്നെ തെളിഞ്ഞു നില്‍ക്കുന്നു. വാര്‍ത്തകളില്‍ നിന്നും വാര്‍ത്തകളിലേക്ക് ഞാന്‍ സഞ്ചരിക്കവേ ഒരു അപകട മരണ വാര്‍ത്ത എന്റെ ശ്രദ്ധയില്‍ പെട്ടു. കാണുവാന്‍ യോഗ്യരായ രണ്ടു നല്ല ചെറുപ്പക്കാര്‍. ഒരാള്‍ക്ക് വയസ്സ് ഇരുപതു മറ്റേ ആള്‍ക്ക് ഇരുപത്തിരണ്ടും. സുമുഖര്‍, തലേ ദിവസം രാത്രിയില്‍ ഉണ്ടായ മോട്ടോര്‍ സൈക്കിള്‍ അപകടത്തില്‍ ജീവിതം പോലിഞ്ഞവര്‍. അവര്‍ക്ക് വേണ്ടി വിലപിക്കുന്ന അവരുടെ മാതാപിതാക്കള്‍, ബന്ധു മിത്രാദികള്‍, ഉറ്റസുഹൃത്തുക്കള്‍, അവരുടെ പ്രേമ ഭാജനങ്ങള്‍ അങ്ങനെ ആരെയെല്ലാം ഒരു തീരാദുഖ കടലില്‍ ആഴ്ത്തിയിരിക്കുന്നു ഈ അകാല മൃത്യു. എന്നെ ഈ വാര്‍ത്ത വല്ലാതെ ഉലചിരിക്കുന്നു. പഴയ പലതും ഓര്‍മ്മയില്‍ തെളിഞ്ഞു വരുന്നു. ഒരിക്കലും ഉണങ്ങാത്ത ആ മുറിപ്പാട്, അതിപ്പോഴും ചോരപോടിച്ചുകൊണ്ട് ഉള്ളിന്റെ ഉള്ളില്‍ ഒരു നീറ്റലായ് അവശേഷിക്കുന്നു.
വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന ഒരു സംഭാവമാണത്. ഒരു കാളരാത്രി !!! ജീവന് തുല്യം സ്നേഹിക്കുന്ന സ്വന്തം അരുമ മകളെ നാട്ടിലെ കുടുംബ ക്ഷേത്രത്തില്‍ എഴുതിനിരുത്തിയിട്ടുള്ള മടക്കയാത്ര. ക്ഷേത്രത്തിലെ ചടങ്ങുകള്‍ അവസാനിച്ചപ്പോള്‍ സന്ധ്യ കഴിഞ്ഞിരിക്കുന്നു. ബന്ധുജനങ്ങളും തലയ്ക്കുമൂത്ത കാരണവന്മാരും ആകുന്നതു നിര്‍ബന്ധിച്ചു “രാത്രിയില്‍ ഇനി യാത്ര വേണ്ട, അതിരാവിലെ പുറപ്പെട്ടാല്‍ പോരെ ഉണ്ണി”. പറ്റില്ലല്ലോ, ഇവര്‍ക്കറിയില്ലല്ലോ ജോലിസ്ഥലത്ത് നടക്കുന്ന പുകിലുകള്‍. നാളെ രാവിലെ പതിനൊന്നു മണിക്ക് വളരെ പ്രധാനപ്പെട്ട ഒരു മീറ്റിംഗ് ഉണ്ട്. വാമാഭാഗതിനും നാളെ തന്നെ ജോലിയില്‍ പ്രവേശിക്കണം. എതിര്പ്പുകള്‍ വകവയ്ക്കാതെ, അമ്മയുടെ കണ്ണീര്‍ കണ്ടില്ലന്നു നടിച്ചു യാത്ര പുറപ്പെട്ടു, കോണ്‍ക്രീറ്റ് കാടുകള്‍ ലക്ഷ്യമാക്കിയുള്ള മടക്ക യാത്ര....
സമയം നന്നേ ഇരുട്ടിയിരിക്കുന്നു. വഴിയില്‍ കണ്ട ഒരു സാമാന്യം ഭേദപ്പെട്ട ഹോട്ടലില്‍ നിന്നും അത്താഴവും കഴിച്ചു വീണ്ടും യാത്ര തുടര്‍ന്നു. എന്റെ പോന്നു മകള്‍ ഒരു നൂറായിരം സംശയങ്ങള്‍ ചോദിച്ചുകൊണ്ടേയിരുന്നു. അവളുടെ സംശയങ്ങള്‍ക്ക് മറുപടി പറയാന്‍ പണിപ്പെടുന്ന എന്റെ പ്രിയതമയുടെ വൈഷമ്യം കണ്ടപ്പോള്‍ ഉള്ളില്‍ ചിരിപൊട്ടി. സമയം അതിവേഗം കുതിച്ചുപായുകയാണ് കൂടെ ഞങ്ങളുടെ വാഹനവും. സംശയങ്ങള്‍ ഇനിയും ബാക്കിവച്ച് അമ്മയുടെ മാറിന്റെ ചൂട്പിടിച്ച് അവള്‍ നിദ്രയിലാണ്ടു കഴിഞ്ഞു. അവളുടെ സ്വപ്നാടനങ്ങളില്‍ സ്ഥിരം അതിഥികളായ് എത്തുന്ന പൊക്കിമോനെയും, ചോട്ടാഭീമിനെയും, സ്കൂബിഡൂവിനെയും ഒക്കെ കണ്ടവള്‍ ഗാഡനിദ്രയിലും പുഞ്ചിരി തൂകി. നാട്ടുംപുറത്തു കണ്ട പലമുഖങ്ങളെയും പറ്റി എന്റെ പ്രിയതമ പലവിധ ചോദ്യശരങ്ങളും എന്നിലേക്ക് തൊടുത്തു വിട്ടു. ചിലതിനെല്ലാം ഞാന്‍ ഉത്തരം കൊടുത്തു, മറ്റു ചിലത് കേട്ടില്ല എന്ന് നടിച്ചു. എവിടെ നിന്നോ ഓടിയെത്തിയ ചാറ്റല്‍ മഴ വാഹനത്തിന്റെ ചില്ലുകളില്‍ മഴതുള്ളികള്‍ സമ്മാനിച്ചു. കാലിന്റെ പ്രഹരമെല്‍ക്കാന്‍ വിധിച്ച ആക്സിലറെറ്ററിന് മഴ അല്‍പ്പം ആശ്വാസമേകി.
ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും അവസാനം എന്റെ പ്രിയതമയും ഉറക്കത്തിന്റെ കുപ്പായമണിഞ്ഞു. ദൂരെ ഒരു കവല കാണാം അവിടെ എന്തോ ആള്‍ക്കൂട്ടം പോലെ തോന്നുന്നു. ശരിയാണ്, അത് ഒരു ആള്‍ക്കൂട്ടം തന്നെ. ഏതോ ക്ഷേത്രത്തില്‍ ഉത്സവമാണ്. ഒരു ഘോഷയാത്രയാണ് അത്. ഞാന്‍ എന്റെ വാഹനത്തിന്റെ വേഗത കുറച്ചു. വളരെ പണിപ്പെട്ടു ആ ഘോഷയാത്രാ സംഘത്തിനെ മറികടന്നു ഞങ്ങളുടെ വാഹനം വീണ്ടും വിജനമായ വീഥിയിലൂടെ മുന്‍പോട്ടു കുതിച്ചു. അപ്പോഴും ഇതൊന്നും അറിയാതെ എന്റെ പത്നിയും ഞങ്ങളുടെ പോന്നോമനയും ഉറക്കത്തിന്റെ അഗാധതയിലേക്ക് ഊളിയിടുകയായിരുന്നു. വളരെ പതിഞ്ഞ ശബ്ദത്തില്‍ പാടുന്ന ജോണ്‍സണ്‍ മാഷിന്റെ സംഗീതത്തിനു കാതോര്‍ത്തു ഞാന്‍ പ്രയാണം തുടര്‍ന്ന്. മനസ്സില്‍ പലവിധ ചിന്തകളുടെ കടന്നാക്രമണം. പൊടുന്നനെ ആണ് അത് സംഭവിച്ചത്, ഒരു കനത്ത ആഘാതം അതില്‍ നിന്നും ഉണ്ടായ ഒരു വലിയ ശബ്ദം എനിക്ക് ആദ്യം ഒന്നും മനസ്സിലായില്ല. പൊടുന്നനെ എന്റെ കാല് ബ്രേക്ക്‌ഇല്‍ അമര്‍ന്നു. വാഹനത്തിനു സംഭവിച്ച ഉലച്ചില്‍ സുനിദ്രയില്‍ നിന്നും എന്റെ കുടുംബത്തെയും ഉണര്തിയിരിക്കുന്നു. അതാ റോഡിന്‍റെ ഒരു വശത്തായി ഒരു മോട്ടോര്‍ സൈക്കിള് കിടക്കുന്നു മറുവശത്തായി രക്തത്തില്‍ കുളിച്ചു രണ്ടു ചെറുപ്പക്കാരും. അപ്പോഴാണ് അതൊരു ആക്സിഡന്റ്റ് ആയിരുന്നു എന്ന സത്യം ഞാന്‍ തിരിച്ചറിഞ്ഞത്. ഇടിയുടെ ആഘാത്തില്‍ തെറിച്ചു പോയതാണ് മോട്ടോര്‍ സൈക്കിള്‍. യാത്രയുടെയും ചിന്തയുടെയും സമന്വയത്തില്‍ എപ്പോഴോ അറിയാതെ എന്റെ കണ്ണുകളില്‍ കൂട് കൂട്ടിയ ആ നിദ്രാ പക്ഷിയുടെ ക്രൂര വിനോദം. എന്ത് ചെയ്യണം എന്ന് ഒരു രൂപവുമില്ല. എന്റെ പ്രിയതമ ആകെ സ്തംഭിച്ചിരിക്കുകയാണ്. എന്തോ അപകടമാണ് നടന്നത് എന്ന് എന്റെ മകള്‍ക്ക് മനസ്സിലായി പക്ഷെ അവളും നിശബ്ധയാണ്. രണ്ടും കല്‍പ്പിച്ചു ഞാന്‍ കാറിന്‍റെ ഡോര്‍ തുറന്നു പുറത്തിറങ്ങി. എങ്ങനെയും ഈ ചെറുപ്പക്കാരെ ആശുപത്രിയില്‍ എത്തിക്കണം എന്ന് മാത്രമായിരുന്നു മനസ്സില്‍. രണ്ടു പേരുടെയും ബോധം നഷ്ടപ്പെട്ടിരിക്കുന്നു പക്ഷേ ശ്വാസം ഉണ്ട്. പൊടുന്നനെ ഒരു ആരവം കേട്ട് ഞാന്‍ തിരിഞ്ഞുനോക്കി. അവിടെ കണ്ട കാഴ്ച അക്ഷരാര്‍ത്ഥത്തില്‍ എന്നെ ഞെട്ടിക്കുന്ന ഒന്ന് ആയിരുന്നു. ഒരു വലിയ പുരുഷാരം, ആക്രോശത്തോടെ അവര്‍ എന്നെ ലക്ഷ്യമാക്കി ഓടി അടുക്കുന്നു. “നമുക്ക് പോകാം, രക്ഷപ്പെടാം” എന്ന് വണ്ടിയിലിരുന്നു എന്നെ നോക്കി വിലപിക്കുന്ന എന്റെ പ്രിയതമയുടെ ദയനീയമായ മുഖവും എന്റെ കുഞ്ഞിന്റെ നിഷ്കളങ്കമായ കണ്ണുകളും കണ്ട എനിക്ക് മറ്റൊന്നും ചിന്തിക്കാനായില്ല. ഞാന്‍ കാറില്‍ ചാടി കയറി വാഹനം മുന്‍പോട്ടു പായിച്ചു. തികച്ചും സ്വാര്‍ഥപരമായ പെരുമാറ്റം. എനിക്കറിയാം, പക്ഷേ എന്നെ വിശ്വസിച്ചു എന്നോടൊപ്പം ജീവിക്കാന്‍ ഇറങ്ങിത്തിരിച്ച എന്റെ ഭാര്യയേയും ദൈവം ഞങ്ങള്‍ക്ക് സമ്മാനിച്ച ഒന്നുമറിയാത്ത പാവം കുഞ്ഞിനേയും കൊലയ്ക്ക് കൊടുക്കാന്‍ മനസ്സുവന്നില്ല. തന്കാര്യത്തില്‍ സ്വാര്‍ഥരല്ലാത്ത മനുഷ്യരുണ്ടോ. ഞാന്‍ ഒരു മഹാത്മാ ഗാന്ധിയോ, സ്വാമി വിവേകാനന്ദനോ, ശ്രീ നാരായണ ഗുരുവോ ഒന്നും അല്ലല്ലോ. ഞങ്ങളുടെ വാഹനം വളരെ വേഗത്തില്‍ കുതിച്ചുകൊണ്ടേ ഇരുന്നു. ആരും പരസ്പരം ഒന്നും സംസാരിക്കുന്നതെ ഇല്ല, ശോകമൂകത..........
ഇനിയും വെറും മുപ്പതു കിലോമീറ്റര്‍ കൂടി മാത്രം. വാഹനം കുതിച്ചു പായുമ്പോഴും എന്റെ കണ്ണുകള്‍ വാഹനത്തിന്റെ പുറകുവശം കാണുവാനുള്ള കണ്ണാടിയില്‍ പതിച്ചു. ആരും പിന്തുടരുന്നില്ല എന്ന് ഉറപ്പു വരുത്തിയിട്ടും ആരൊക്കെയോ പിന്തുടരുന്നതായി ഒരു തോന്നല്‍. അങ്ങിനെ നഗര പ്രാന്തത്തില്‍ ഉള്ള ഒരു വലിയ പാലത്തിനു സമീപം ഞങ്ങളുടെ വാഹനം എത്തി. ഇനി ഈ പാലം കടന്നാല്‍ സുമാര്‍ ഒരു ഇരുപതു കിലോമീറ്റര്‍ വീടെത്തുകയായ്. പാലം കയറി ഏകദേശം മദ്ധ്യഭാഗത്ത് എത്തിയപ്പോള്‍ വാഹനം പൊടുന്നനെ നിന്നു. ഞാന്‍ ആകുന്നതു പണിപ്പെട്ടു നോക്കി, ഇനിയിത് മുന്‍പോട്ടു പോകുന്ന ലക്ഷണം ഇല്ല. ഇടിയുടെ ആഘാതത്തില്‍ ഞങ്ങളുടെ വാഹനത്തിന്റെ കാര്‍ബറെറ്ററിനു കാര്യമായ ക്ഷതം സംഭവിച്ചിരിക്കുന്നു. എന്ത് ചെയ്യണമെന്നു ഒരു ഊഹവുമില്ല. എന്തായാലും വാഹനത്തിനടുത്തു നില്‍ക്കുന്നത് പന്തിയല്ല. ആരെങ്കിലും തിരക്കി പിറകെ വന്നാലോ എന്ന് ഭയന്ന് ഞങ്ങള്‍ കാറിനു സമീപത് നിന്നും അല്‍പ്പം അകലെ കണ്ട വലിയൊരു തണല്‍ മരത്തിന്റെ മറവിലേക്ക് മാറി നിന്നു.
സമയം വെളുപ്പിനെ നാല് മണിയായി. ഞങ്ങളുടെ ഊഹം തെറ്റിയില്ല. ഒരു കാറില്‍ അഞ്ചാറു ചെറുപ്പക്കാര്‍ വന്നിറങ്ങിയിരിക്കുന്നു. അവര്‍ ഞങ്ങളുടെ കാര്‍ പൂര്‍ണ്ണമായും പരിശോദിച്ചു. ബാഗുകള്‍ എല്ലാം ഞങ്ങളുടെ കൈവശം ആയിരുന്നതിനാലും വാഹനത്തിന്റെ രേഖകള്‍ എന്റെ പോക്കറ്റില്‍ ആയിരുന്നതിനാലും അവര്‍ക്ക് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. അപകടം സംഭവിച്ച ചെറുപ്പക്കാരുടെ ആളുകള്‍ ആന്നോ അത് അതോ ഏതെന്കിലും മോഷണ സംഘത്തില്‍ പെട്ട ആളുകലായിരിക്കുമോ എന്ന് ഒരു നിശ്ചയവുമില്ല. ഏകദേശം ഒരു അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അവര്‍ തിരിച്ചു പോയി. അവര്‍ പോയി എന്ന് ഉറപ്പു വരുത്തിയിട്ടു ഞാന്‍ എന്റെ ചില സുഹൃത്തുക്കളെ വിളിച്ചു വിവരം പറഞ്ഞു. അല്പ്പസമയത്തിനകം അവര്‍ എല്ലാവരും തന്നെ അവിടെ എത്തിച്ചേര്‍ന്നു. അതില്‍ ഒരു സുഹൃത്തിന്റെ വാഹനത്തില്‍ എന്റെ ഭാര്യയും മകളും വീട്ടിലേക്കു തിരിച്ചു. ഞാനും എന്റെ മറ്റു സുഹൃത്തുക്കളും ചേര്‍ന്ന് എന്റെ വാഹനം എന്റെ സുഹൃത്തിന്റെ പരിചയത്തിലുള്ള ഒരു വര്‍ക്ക്‌ഷോപ്പ് ഇല്‍ ഏല്‍പ്പിച്ചു. നഗര പ്രാന്തത്തില്‍ ഉള്ള ഒരു വീടിന്റെ ഒരു ഭാഗമായിരുന്നു വര്‍ക്ക്‌ഷോപ്പ് ആയി പ്രവര്‍ത്തിച്ചിരുന്നത്. അങ്ങനെ പെട്ടന്നാരുടെയും കണ്ണില്‍ പെടാത്ത സ്ഥലം. അതുതന്നെയാണ് അവിടം തിരഞ്ഞെടുക്കാനുള്ള കാരണവും.
എല്ലാ കൊലാഹലങ്ങള്‍ക്കും അവസാനം ഞങ്ങള്‍ വീടെത്തി. എനിക്കും എന്റെ സുഹൃത്തുക്കള്‍ക്കും കാപ്പിയുമായെത്തിയ എന്റെ ഭാര്യയുടെ മുഖത്ത് ആകാംഷാ ഭാവം. മകള്‍ എവിടെ എന്ന ചോദ്യത്തിന് അവള്‍ ഉറങ്ങി എന്ന ഭാര്യയുടെ മറുപടി “അവളെങ്കിലും സമാധാനമായ് ഉറങ്ങട്ടെ” എന്ന് എന്നെ ആശ്വസിപ്പിച്ചു. “ഇനി എന്ത്” എന്നതായിരുന്നു ഞങ്ങളുടെ ചര്‍ച്ചാവിഷയം. പോലീസില്‍ അറിയിക്കാം എന്ന എന്റെ അഭിപ്രായത്തോട് സുഹൃത്തുക്കള്‍ യോജിച്ചില്ല. ചിലപ്പോള്‍ അപകടത്തില്‍ പെട്ടവര്‍ക്ക് അത്ര വലിയ അത്യാഹിതം സംഭവിച്ചില്ല എങ്കിലോ.... എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ എപ്പോഴേ പോലീസ് നമ്മെ തേടി എത്തിയേനെ. സുഹൃത്തുക്കളുടെ വാക്കുകള്‍ ശരിയാണെന്ന് എനിക്ക് തോന്നിയെങ്കിലും എന്നെ സമാധാനിപ്പിക്കാന്‍ വേണ്ടി പറയുന്നതാന്നോ എന്ന് ഞാന്‍ സംശയിച്ചു. സമയചക്രം അതിന്റെ അതിവേഗത്തിലുള്ള പ്രയാണം തുടര്‍ന്നു. സുഹൃത്തുക്കളില്‍ പലരും യാത്ര പറഞ്ഞു പിരിഞ്ഞു തുടങ്ങിയിരിക്കുന്നു. സമയം എട്ടുമണിയായി, രാവിലെ പത്തുമണിക്ക് ഓഫീസില്‍ എത്തണം. അങ്ങനെ എന്റെ ആത്മാര്‍ത്ഥ സുഹൃത്തും സ്വഗൃഹതിലേക്ക് യാത്രയാകുകയാണ്. പൊടുന്നനെ കോളിംഗ് ബെല്‍ ശബ്ദിച്ചു. വാതില്‍ തുറന്ന ഞങ്ങള്‍ക്ക് മുന്‍പില്‍ അതാ നില്‍ക്കുന്നു ഒരു പോലീസ് ഓഫീസര്‍. അദ്ധേഹത്തിന്റെ തീഷ്ണമായ നോട്ടം എന്നെ വരിഞ്ഞു മുറുക്കി ശ്വാസം മുട്ടിച്ചു. അല്പ്പസമയത്തെ നിശബ്ദതയ്ക്ക് ശേഷം അദ്ദേഹം ഞങ്ങളോട് ചോദിച്ചു “ആരാണ് മനു”. എന്റെ മനസ്സില്‍ ഒരു കൊള്ളിയാന്‍ മിന്നിയപോലെ എനിക്ക് തോന്നി. വിറയാര്‍ന്ന ശബ്ദത്തില്‍ ഞാന്‍ പറഞ്ഞു “ഞാനാണ് മനു”. ഒന്ന് ഇരുത്തി മൂളിയ ശേഷം അദ്ധേഹത്തിന്റെ അടുത്ത ചോദ്യം “താങ്കളുടെ കാറാണോ ഇന്ന് വെളുപ്പിനെ വര്‍ക്ക്‌ഷോപ്പ് ഇല്‍ കൊടുത്തത്”. എല്ലാം നഷ്ടപ്പെട്ടവനെ പോലെ നിറഞ്ഞ മിഴിയും വിറയ്ക്കുന്ന ശരീരവുമായി ഞാന്‍ പറഞ്ഞു “അതെ”. എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നില്‍ക്കുകയാണ് എന്റെ പ്രിയതംയും സുഹൃത്തും. ഓഫീസറുടെ തീപാറുന്ന കണ്ണുകള്‍ ഞങ്ങളെ മൂന്നുപേരെയും മാറി മാറി പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. സ്വന്തം കീശയില്‍ നിന്നും നാലായ് മടക്കിയ ഒരു കടലാസ്സ് എടുത്ത അദ്ദേഹം അത് എന്റെ നേരെ നീട്ടി എന്നിട്ട് പറഞ്ഞു “ഇതാ, ഈ സാധനങ്ങള്‍ മേടിച്ചു വര്‍ക്ക്‌ഷോപ്പ് ഇല്‍ ഏല്‍പ്പിക്കാന്‍ പറഞ്ഞു, എന്റെ അനുജനാണ് വര്‍ക്ക്‌ഷോപ്പ് നടത്തുന്നത്. എനിക്ക് ഡ്യൂട്ടി സിറ്റിയില്‍ ആയത് കാരണം ഒരു യാത്ര ഒഴിവാക്കുവാന്‍ വേണ്ടി ഈ ലിസ്റ്റ് എന്നെ ഏല്‍പ്പിക്കുകയായിരുന്നു, താങ്കളുടെ സുഹൃത്തിന്റെ മൊബൈലില്‍ വിളിച്ചാണ് വീട് മനസ്സിലാക്കിയത്, എന്നാല്‍ ഞാന്‍ പോകട്ടെ”. വ്യക്തമായി ഒന്നും മനസ്സിലാകാത്ത ഞാന്‍ ആ കടലാസ്സു മേടിച്ചു. ഞാന്‍ കാര്യങ്ങള്‍ മനസ്സിലാക്കി വന്നപ്പോഴേക്കും എന്റെ ഭാര്യ അദ്ധേഹത്തിനോട് ചോദിച്ചു “ചായ എടുക്കട്ടെ .....” സ്നേഹപൂര്‍വ്വം അത് നിരസിച്ചു ആ മനുഷ്യന്‍ ഞങ്ങളോട് യാത്ര പറഞ്ഞു.
കാലങ്ങള്‍ ഒരുപാട് കടന്നുപോയിരിക്കുന്നു. ഇന്നും അറിയില്ല അന്ന് അപകടം പിണഞ്ഞ ആ ചെറുപ്പക്കാരുടെ അവസ്ഥ. ദൈവമേ...., യാതൊരു ആപത്തും ഇല്ലാതെ ഇരുന്നാല്‍ മതിയാരുന്നു. ചിന്തയില്‍ ഊളിയിട്ടുഴറുന്ന എന്നെ “ഇന്ന് ഓഫീസ്സില്‍ പോകേണ്ടേ” എന്നാ ചോദ്യശരത്താല്‍ ഭാര്യ ഉണര്‍ത്തി. “എന്താണീ ചിന്തിച്ചു കൂട്ടുന്നത്” എന്ന അവളുടെ ചോദ്യത്തിന് “ഹേയ്, ഒന്നുമില്ല” എന്ന മറുപടി പറഞ്ഞു കൊണ്ട് ഞാന്‍ എന്റെ ചാരുകസേരയില്‍ ഒന്നിളകി കിടന്നു. “രാവിലെ ഒന്പതരയുടെ ഫ്ലൈറ്റില്‍ മകള്‍ തിരിച്ചെത്തും, അച്ഛന്‍ തന്നെ വിളിക്കാന്‍ ചെന്നാല്‍ മതിയെന്ന് അവള്‍ പ്രത്യേകം പറഞ്ഞിരുന്നു” ഭാര്യയുടെ ആ ഓര്‍മ്മപ്പെടുത്തല്‍ ആലസ്യത്തില്‍ നിന്നും എന്നെ ഉയര്പ്പിച്ചു. മകള്‍ അമേരിക്കയില്‍ പോയിരിക്കുകയായിരുന്നു, ഞങ്ങളുടെ പുതിയ സ്ഥാപനത്തിലേക്ക് ജോലിക്ക് ആളെ തിരഞ്ഞെടുക്കുന്നതിനായിരുന്നു യാത്ര. കുറഞ്ഞ വേതനത്തിന് ജോലി ചെയ്യാന്‍ തയ്യാറായ ചെറുപ്പക്കാരെ അവിടെയല്ലാതെ ലോകത്തില്‍ മറ്റെവിടെ കിട്ടാനാണ്. പുറം പണിക്ക് നില്‍ക്കുന്ന അറബ് വംശജനോട് കാറ് കഴുകിയിട്ടോ എന്ന് ചോദിച്ച്ഉറപ്പുവരുത്തിയതിനു ശേഷം ആ കണ്ണുകളില്‍ നിറയുന്ന നിസ്സഹായത കണ്ടു അവന്റെ പിതാമഹന്മാര്‍ എന്റെ പിതാമഹന്മാരോട് ചെയ്ത കൊടും ക്രൂരതകള്‍ തല്‍ക്കാലം മറന്നു സ്നേഹത്തോടെ ആ മനുഷ്യ ജീവിയോടു ഞാന്‍ പറഞ്ഞു “അടുക്കളഭാഗത്ത് പോയി എന്തെങ്കിലും മേടിച്ചു കഴിച്ചിട്ട് ബാക്കി പണി ചെയ്‌താല്‍ മതി”. നന്ദി സൂചകമായി ആ മനുഷ്യന്‍ എന്നുടെ നേര്‍ക്ക് പൊഴിച്ച ആ ചെറുപുഞ്ചിരി കണ്ടില്ലെന്നുനടിച്ചു ഞാന്‍ എന്റെ പതിവ് തിരക്കിലേക്ക് ഊളിയിട്ടു.
ശുഭം
No comments:
Post a Comment