ചാറ്റല്‍മഴയില്‍ കുതിര്‍ന്ന തണുത്ത പുലര്‍വേള, വിധൂരതയിലെ ചുവന്ന വെളിച്ചത്തില്‍ കണ്ണുകള്‍ പതിപ്പിച്ചു ഞാന്‍ തീവണ്ടിയും കാത്തിരിക്കുകയാണ്. തീവണ്ടി എത്താറായി എന്ന അറിയിപ്പ് മൈക്കിലൂടെ ഇടറിയ ശബ്ധത്തില്‍ ഞാന്‍ കേട്ടു. വെളിപ്പാന്കാലം ആയതിനാലാവാം സ്വതവേ തിരക്കുകുറഞ്ഞ തീവണ്ടിആപ്പീസില് ഞാന്‍ ഏകനാണ്. ഭൂമിയില്‍ ജനിക്കുവാന്‍ എനിക്കും ഒരു അവസരം ഒരുക്കിത്തന്ന എന്റെ പ്രിയ പിതാവിന്റെ ബാക്കി അവശേഷിപ്പാണ് കയ്യില്‍ ഉള്ള മണ്കുടത്തില്. പൂക്കളും ചിത്രശലഭങ്ങളും നിറഞ്ഞ എന്റെ ജീവിതത്തില്‍ അവിചാരിതമായി കടന്നു വന്ന ഒരു പ്രകൃതി ക്ഷോഭം ആയിരുന്നു പിതാവിന്റെ അകാല മൃത്യു. ജീവിതവ്യഥകള്‍ എന്തെന്ന് ഞാന്‍ ഇന്ന് വരെ അറിഞ്ഞിട്ടില്ല. ഇനിയും എന്നെ കാത്തിരിക്കുന്നത് എന്തെന്നും എനിക്കറിയില്ല. പക്ഷെ പരാജയം സമ്മതിച്ചു തിരിഞ്ഞ്ഓടുവാന് ഞാന്‍ തയ്യാറല്ല. ഇനിയും ഏറെ ദൂരം സഞ്ചരിക്കേണ്ടി ഇരിക്കുന്നു.
നീണ്ട ഒരു ഹോണ്‍ കേട്ടാണ് ഞാന്‍ ചിന്തകളില്‍ നിന്നും ഉണര്‍ന്നത്. അതാ എനിക്ക് പോകുവാനുള്ള തീവണ്ടി എത്തിക്കഴിഞ്ഞു. ഞാന്‍ വിശ്വസിക്കുന്ന മത പ്രകാരം ചിതാഭസ്മനിമഞ്ജനത്തിനു പുറപ്പെട്ടതാണ്. തീവണ്ടിയിലെ തിരക്കുകളില്‍ ഞാനും ഒരു കഥാപാത്രമായ് എന്റെ യാത്ര തുടര്‍ന്നു. പല പല മുഖങ്ങള്‍, എല്ലാപേരും ഓരോരോ ആവശ്യങ്ങള്‍ക്കായി പോകുന്നവരായിരിക്കും, ചിലതിനു വിഷാദ ഭാവം, മറ്റു ചിലതിനു രൌദ്രഭാവം, ലാസ്യ ഭാവത്തില്‍ ഉള്ളതും ഉണ്ട് ചിലത്. ഭൂരിഭാഗം യാത്രികരും ഉറക്കച്ചടവില്‍ ആണ്. ഞാനും അവരോടൊപ്പം കൂടി. കൈയ്യിലുള്ള സഞ്ചി ഒരു കൊച്ചു കുഞ്ഞിനെ സൂക്ഷിക്കുന്നതുപോലെ മാറോട് ചേര്‍ത്ത് പിടിച്ച് ജനാലയിലൂടെ ഓടി മറയുന്ന കാഴ്ചകള്‍ നോക്കി യാത്ര തുടര്‍ന്നു.
കണ്ണുള്ളപ്പോള്‍ കണ്ണിന്റെ കാഴ്ച അറിയില്ല എന്ന പഴമൊഴി അന്വര്ത്ഥമാക്കുന്നതയിരുന്നു എന്റെ സാഹചര്യം. വേണ്ട രീതിയില്‍ എന്റെ അച്ഛന്റെ വില ഞാന്‍ മനസ്സിലാക്കിയില്ല എന്ന സത്യം തിരിച്ചറിയാന്‍ എനിക്ക് അദ്ധേഹത്തിന്റെ മരണം വരെ കാത്തിരിക്കേണ്ടി വന്നു . ഹൃദയാഘാതം എന്ന രോഗത്തിന് ജീവിതത്തില്‍ ഇത്രമേല്‍ ശൂന്യത സൃഷ്ടിക്കാന്‍ കഴിയും എന്ന് എനിക്കിപ്പോഴാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. നിശബ്ദതയാണ് ചിന്തകളുടെ ഉത്തമ സുഹൃത്ത് എന്ന വാക്യത്തിനെ അര്ത്ഥവത്താക്കുന്നതുപോലെ ഞാനും ചിന്തകള്‍ക്ക് കീഴ്പെട്ടു തുടങ്ങി. മോനെ എന്നാ നിസ്വാര്‍ത്ഥ സ്നേഹത്തോടെയുള്ള അച്ഛന്റെ ആ വിളി എന്റെ കാതുകളില്‍ മുഴങ്ങികെട്ടു. അദ്ദേഹത്തിന്റെ ജിവിതാനുഭവങ്ങലില് നിന്നും ഉള്‍ക്കൊണ്ടു എനിക്ക് പറഞ്ഞുതന്ന പല കാര്യങ്ങളും ഒരു വൃദ്ധന്റെ ജല്പ്പനങ്ങള് എന്ന ലാഖവത്തില്‍ ഞാന്‍ തള്ളി കളഞ്ഞു. ഞാന്‍ ഇല്ലാതെ വരുമ്പോഴേ നീ എന്റെ വില അറിയൂ എന്ന് അച്ഛന് അന്ന് പറഞ്ഞവാക്കിനു ഇത്രയും അര്‍ഥം ഉണ്ടായിരിക്കുമെന്ന് ഞാന്‍ ഒരിക്കല്‍ പോലും കരുതിയില്ല. ചിന്തകളുടെ വേലിയേറ്റത്തില്‍ എനിക്കിറങ്ങേണ്ട സ്റ്റേഷന് ആയത് വളരെ പെട്ടന്നായിരുന്നു.
സ്റ്റേഷനില്‍ ഇറങ്ങിയഞ്ഞാന് ബലിതര്‍പ്പണം നടക്കുന്ന കടല്ക്കര ലക്ഷ്യമാക്കി നീങ്ങി. ലക്ഷ്യത്തില്‍ എത്തിയ എന്നെ കാത്തു അവിടെ ധാരാളം കാര്മികള് നിലയുറപ്പിച്ചിരുന്നു. നൂറുകണക്കിനാളുകള്‍ അവരുടെ ഉറ്റവരുടെ ആത്മശാന്തിക്കായി അവിടെ ബലിതര്‍പ്പണം നടത്തുന്നുണ്ടായിരുന്നു. കുറെ നേരം എല്ലാം നോക്കികണ്ട ശേഷം ഞാന്‍ കടല്‍ തീരത്തേക്ക് നടന്നു. തിരകള്‍ വന്നു എന്റെ കാലുകളില്‍ ഉമ്മ വച്ചു. ഒരു വലിയ തിരയ്ക്കുവേണ്ടിയുള്ള എന്റെ കാത്തിരിപ്പ് മനസ്സിലാക്കിയത് പോലെ കടലമ്മ എനിക്ക് ഒരു വലിയ തിര സമ്മാനിച്ചു. ആ തിരയില്‍ ഞാന്‍ ഒന്ന് മുങ്ങിനിവര്‍ന്നു ഈറനായി ഒരു കര്‍മ്മിയുടെ അടുത്ത് ചെന്ന് നിലയുറപ്പിച്ചു. അദ്ദേഹം ഉരുവിട്ട മന്ത്രങ്ങള്‍ എറ്റു ചൊല്ലി പിണ്ഡം ഉരുട്ടി ഞാന്‍ എന്റെ അച്ഛന്റെ ആത്മാവിനു ബലിദാനം ചെയ്തു. എന്റെ കൈകള്‍ അപ്പോള്‍ വിറയ്ക്കുന്നുണ്ടായിരുന്നു, കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു. എന്റെ അച്ഛന്റെ ആത്മാവ് എവിടെയോ ഇരുന്നു ഇതില്‍നിന്നും ഭക്ഷിക്കുന്നുണ്ടാവാം. കലങ്ങിയ കണ്ണുകളും വിറയ്ക്കുന്ന ശരീരവുമായ് ഞാന്‍ ചിതാഭസ്മവും ബലി പിണ്ഡവും പേറി കടല്‍ ലക്ഷ്യമാക്കി നടന്നു, വീണ്ടും ഒരു വലിയ തിരയും പ്രതീക്ഷിച്ച്...............
nice story bt have some pain within.
ReplyDelete